Kerala
പൊടിമറ്റം (കാഞ്ഞിരപ്പള്ളി): കഴിഞ്ഞ കാല് നൂറ്റാണ്ടുകാലം മധ്യകേരളത്തിലെയും മലയോര മേഖലയിലെയും കര്‍ഷകജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിവരുന്ന പ്രസ്ഥാനമാണ് ഇന്‍ഫാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ഇന്‍ഫാമിനു സാധിച്ചു.
സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇന്‍ഫാം നല്കുന്ന നിര്‍ദേശങ്ങള്‍ കാര്‍ഷിക നയരൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. കാര്‍ഷികപ്രശ്നങ്ങളുമായി ബന്ധപ്പെട്ടോ കര്‍ഷകരെ ബാധിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടോ ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഇന്‍ഫാമിനെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ നല്കുമ്പോള് അത് അതീവ ഗൗരവത്തോടെ പരിഗണിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാതിമത ചിന്തകള്‍ക്കതീതമായി കര്‍ഷകരെ സംഘടിപ്പിക്കുകയും അവരുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് ഇന്‍ഫാം മുന്നോട്ടു വച്ചിട്ടുള്ള ആദര്‍ശം.
പഞ്ചവത്സര പദ്ധതിയെന്ന നിലയില്‍ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിനും മൂല്യവര്‍ധനയ്ക്കും സഹായിക്കുന്ന പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. അദ്ദേഹം പ്രഖ്യാപിച്ച കാര്യങ്ങള്‍ എല്ലാ അര്‍ഥത്തിലും പ്രായോഗികമാക്കാന്‍ കഴിയുന്ന ഒന്നാണ്.
പച്ചക്കറി കൃഷിയില്‍ വലിയ മാറ്റം ഇപ്പോള്‍തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇന്‍ഫാമിന്റെ പഞ്ചവത്സര പദ്ധതികൂടി വരുമ്പോള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും. നമ്മുടെ നാട് പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ഇന്‍ഫാം മാതൃകാപരമായ ഇടപെടലുകള്‍ നടത്തി.
കോവിഡ്, ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇന്‍ഫാം നടത്തിയ പ്രവര്‍ത്തനം വലുതാണ്. മതനിരപേക്ഷതയും വികസനവും കൈകോര്‍ക്കുന്ന നവകേരള നിര്‍മാണത്തില്‍ ഇന്‍ഫാമിനെപ്പോലുള്ള കര്‍ഷക സംഘടനകളുടെ സേവനം വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനത്തില്‍ ഇന്‍ഫാം സംഘടനാംഗങ്ങളെ ഒരുമിച്ചു ചേര്‍ത്ത് ആവിഷ്കരിച്ച പച്ചപ്പൊലിമ എന്ന പഞ്ചവത്സര പദ്ധതി രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിച്ചു.
Kerala
കാഞ്ഞിരപ്പള്ളി: താങ്ങുവില കർഷകന്റെ അവകാശമാക്കി മാറ്റണമെന്ന് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍ എംപി. ഇന്‍ഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കിസാന്‍ കാര്‍ണിവല്‍ - കൈക്കോട്ടും ചിലങ്കയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താങ്ങുവില ആരുടെയും ഔദാര്യമല്ല, അവകാശമാക്കി മാറ്റണം. കൃഷിക്കാരനെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്കുണ്ട്. കൃഷിക്കാരനെ കടക്കെണിയില്‍നിന്ന് രക്ഷിക്കാനുള്ള ചിന്ത സര്‍ക്കാരിനുണ്ടാകണം.
കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു മനസിലാക്കി അതിനെ എങ്ങനെ തരണം ചെയ്യാമെന്നു മനസിലാക്കി വേണം താങ്ങുവില നല്‍കേണ്ടത്. നിരവധിയായ കര്‍ഷക പ്രശ്നങ്ങളില്‍ കര്‍ഷകരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച ധീരമായ നിലപാടുകളായിരുന്നു ഇന്‍ഫാം നടത്തിയത്.
കൃഷിക്കാരന് സ്വാഭിമാനം നല്‍കാനും യഥാര്ഥമയ അധ്വാനശേഷിയെ ഉയര്‍ത്തിക്കാട്ടാനും ബഹുമുഖമായ പോരാട്ടങ്ങള്‍ ഇന്‍ഫാം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 25 വർഷമായി കർഷകരുടെ കണ്ണീരിനും കിനാവിനും ഒപ്പം നിൽക്കുന്ന പ്രസ്ഥാനമാണ് ഇൻഫാം.
കപ്പയ്ക്ക് 15 രൂപയായി വില ഇടിഞ്ഞപ്പോൾ, 25 രൂപയ്ക്ക് സംഭരിച്ച് ഉണക്കക്കപ്പയാക്കി വിപണിയിൽ ഇടപെട്ട ഇൻഫാമിന്റെ മാതൃക ഇടനിലക്കാരായ ലോബികൾക്കുള്ള മറുപടിയായിരുന്നു. കേരളത്തിന്റെ കാർഷിക പുരോഗതിയിൽ ക്രൈസ്തവ സഭകളും കുടിയേറ്റ കർഷകരും നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണെന്നും, തരിശുഭൂമികളെ പൊന്നുവിളയുന്ന മണ്ണാക്കി മാറ്റിയത് ഇവരാണെന്നും അദ്ദേഹം അനുസ്മരിച്ചു.
District News
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി നിറവില്‍.
1943ല്‍ അന്നത്തെ സെന്റ് മേരീസ് ഇടവകയുടെ പരിശ്രമഫലമായി പ്രൈമറി സ്കൂളായാണ് പ്രവര്‍ത്തനമാരംഭിച്ചത്. 1978ല്‍ ഇരിങ്ങാലക്കുട രൂപത നിലവില്‍ വന്നതോടെ സെന്റ് മേരീസ് സ്കൂള്‍ കത്തീഡ്രല്‍ ഇടവകയുടെ മേല്നോട്ടത്തിലായി. 1984ല്‍ സെന്റ് മേരീസ് സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. എസ്എസ്എല്‍സി പരീക്ഷയില്‍ ആദ്യ ബാച്ച് മുതലേ ഉയര്‍ന്ന വിജയശതമാനത്തോടെ സ്വന്തമായ ഒരിടം നേടിയെടുത്തു. 2000ല്‍ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെയും കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് ഇരുമ്പന്റെയും പരിശ്രമഫലമായി ഹയര്‍സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.
2001 ജനുവരി 30ന് ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ ഹയര്‍സെക്കന്‍ഡറി ബ്ലോക്കിന് തറക്കല്ലിട്ട് കെട്ടിടനിര്‍മാണം ആരംഭിച്ചു. ഡിസംബര്‍ 20ന് ഉദ്ഘാടനം നടത്തി ക്ലാസുകള്‍ ആരംഭിച്ചു. ഇപ്പോള്‍ പ്ലസ് വണ്‍, പ്ലസ് ടുവിലായി 480 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ആദ്യ ബാച്ചില്‍ തന്നെ 95 ശതമാനത്തിലധികം വിജയംനേടിയിരുന്നു. രണ്ടാംവര്‍ഷം സയന്‍സില്‍ 100 ശതമാനവും കൊമേഴ്സില്‍ 95 ശതമാനത്തില്‍ കൂടുതലും വിജയമുണ്ടായി. 2018,24 വര്‍ഷങ്ങളിലെ പൊതുപരീക്ഷകളില്‍ സ്കൂൾ 100 ശതമാനം വിജയം നേടി.
2024 ലെ സംസ്ഥാനത്തെ മികച്ച സ്കൂളുകളുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്ത് സെന്റ് മേരീസ് ഇടംപിടിച്ചു. 2006ല്‍ എന്‍സിസി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. എന്‍സിസിയുടെ ചുമതല വഹിക്കുന്ന സംസ്കൃതം അധ്യാപിക മേജര്‍ എന്‍.വി. മായയ്ക്ക് 2013ലും 2016ലും റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു.
2023ല്‍ എന്‍എസ്എസ് യൂണിറ്റ്, 2025 ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ റോവര്‍ റേഞ്ചര്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കെസിഎസ്എല്‍, സിജിഎസി, ടൂറിസം ക്ലബ്, സൗഹൃദ ക്ലബ്, ആന്റി നാര്‍കോട്ടിക് ക്ലബ് എന്നിവയും സജീവമാണ്.
ജൂബിലി സമാപനം ഇന്ന്
രജതജൂബിലി സമാപനസമ്മേളനം ഇന്ന് ഉച്ചതിരിഞ്ഞ് 4.30ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനംചെയ്യും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷതവഹിക്കും. നഗരസഭ ചെയര്മാന് എം.പി. ജാക്സണ് മുഖ്യാതിഥിയായിരിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, പ്രിന്‍സിപ്പല്‍ പി. ആന്സന് ഡൊമിനിക്, പിടിഎ പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, സ്കൂള്‍ ചെയര്‍പേഴ്സൺ സി.ബി. ക്രിസ്റ്റഫര്‍ തുടങ്ങിയവര്‍ സംസാരിക്കും.
NRI
ഫീനിക്സ്: രജതജൂബിലി ആഘോഷിക്കുന്ന ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9,10,11,12 തീയതികളിൽ ഷിക്കാഗോയിൽവച്ചു നടക്കുന്ന സീറോ മലബാർ കൺവൻഷന്റെ ഇടവകതല കിക്കോഫ്, അരിസോനയിലെ ഫീനിക്സ് ഹോളി ഫാമിലി ദേവാലയത്തിൽ, രൂപത പ്രൊക്യൂറേറ്റർ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തിൽ ഡിസംബർ ഏഴിന് ആഘോഷമായി സംഘടിപ്പിച്ചു.
കൺവൻഷനിലേക്ക് ഇടവകയിലെ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതിനായി എത്തിച്ചേർന്ന രൂപത പ്രൊക്യൂറേറ്റർ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കലിനെയും കൺവൻഷൻ ചെയർമാൻ ബിജു സി. മാണിയെയും, കൺവൻഷൻ സെക്രട്ടറി ബീന വള്ളികളത്തിലിനേയും ഇടവക വികാരി റവ. ഫാ. ഡെൽസ് അലക്സിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു
കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ വിശ്വാസികളിൽ നിന്നും റജിസ്ട്രേഷനുകൾ ഏറ്റുവാങ്ങി. നിരവധിപ്പേർ കൺവൻഷനിൽ പങ്കെടുക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചു. വളരെ മികച്ച പ്രതികരണമാണ് ഇടവകയിൽ നിന്നും കൺവൻഷൻ കിക്കോഫിന് ലഭിച്ചത്.
മഹത്തായ ആത്മീയ, സാംസ്കാരിക, പൈതൃക സംഗമത്തിൽ പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ആഹ്വാനം ചെയ്തു. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും രൂപത ആഘോഷിക്കുന്നു.
കൺവൻഷൻ ജൂബിലി കമ്മിറ്റി ചെയർമാൻ ബിജി സി. മാണി കൺവൻഷനെ പറ്റി വിശദമായി പ്രതിപാദിച്ചു. 2026 ജൂലൈ മാസം നടക്കുന്ന സീറോ മലബാർ കൺവൻഷൻ, രൂപതയുടെ ചരിത്രത്തിൽതന്നെ സ്ഥാനം പിടിക്കുന്ന തലത്തിൽ വിജയകരമാക്കി തീർക്കുവാൻ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി അദ്ദേഹം അറിയിച്ചു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ബുക്കിംഗ് നിരക്കിൽ ഇളവ് ലഭിക്കുന്നതാണ്.
ഈ ഇളവ് ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ. ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്നും കൺവൻഷൻ കമ്മിറ്റി ചെയർമാൻ ബിജി സി. മാണി അഭ്യർഥിച്ചു.
കൺവൻഷന്റെ പ്രോഗ്രാമുകളെപ്പറ്റി സെക്രട്ടറി ബീന വള്ളിക്കളം വിവരിച്ചു. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വാദ്യമാകുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്നു ബീന അറിയിച്ചു.
ദിവസേനയുള്ള കുർബാന, ആരാധന എന്നിവയോടൊപ്പം, വൈവിധ്യമാർന്ന വിഷയാവതരണങ്ങളും, സംഘടനാകൂട്ടായ്മകളും, കലാപരിപാടികളും, മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.
അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ അതിബൃഹത്തായ ഈ ആത്മീയസാംസ്കാരിക സംഗമത്തിൽ പങ്കാളികളാവാൻ ഏവരെയും കൺവൻഷൻ ടീം സ്വാഗതം ചെയ്തു.
കൺവൻഷൻ കോഓർഡിനേറ്റർമാരായ ആന്റോ യോഹന്നാൻ, ലിലി സിറിയക്, ടാനിയ ടോം, പോൾ ചാക്കോള, കൈക്കാരൻമാരായ ഷാഗി ജോസഫ്, തോമസ് കണ്ണമ്പള്ളിൽ തുടങ്ങിയവർ കിക്കോഫിന് നേതൃത്വം നൽകി.
ഫീനിക്സ് ഹോളി ഫാമിലി ഇടവകയിലെ വികാരിയച്ചന്റേയും , ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു.
NRI
ന്യൂയോർക്ക്: സിൽവർ ജൂബിലി നിറവിൽ നിൽക്കുന്ന ഷിക്കാഗോ സീറോമലബാർ രൂപതയുടെ ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9,10,11,12 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന സീറോമലബാർ കൺവൻഷന്റെ ബ്രോങ്ക്സ് ഫൊറോന ഇടവകതല രജിസ്ട്രേഷൻ കിക്കോഫ് ഈ മാസം ഏഴിന് നടന്നു.
കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ജനറൾ റവ. ഫാ. ജോൺ മേലേപ്പുറം വിശ്വാസികളിൽ നിന്നും രജിസ്ട്രേഷനുകൾ ഏറ്റുവാങ്ങി. നിരവധിപ്പേർ കൺവൻഷനിൽ പങ്കെടുക്കാൻ താത്പര്യം അറിയിച്ചു.
ഷിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിലാണ് സീറോമലബാർ യുഎസ്എ കൺവൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻമാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നു.
National
ബംഗളൂരു: എല്ലാ കാലത്തും ജെഡി-എസ് എൻഡിഎയിൽ ഉറച്ചുനിൽക്കുമെന്ന് പാർട്ടി ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദോവഗൗഡ. എന്ത് സാഹചര്യം വന്നാലും എൻഡിഎ വിടില്ലെന്നും ദേവഗൗഡ വ്യക്തമാക്കി. പാർട്ടിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ജെഡി-എസ് എൻഡിഎയുടെ ഭാഗമാണ്. എല്ലാ കാലത്തും അങ്ങനെയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തെ പൂർണമായി വിശ്വസിക്കുന്നു. ശക്തമായ സർക്കാരാണ് രാജ്യം ഭരിക്കുന്നത്.'-ദേവഗൗഡ പറഞ്ഞു.
നീതിഷ് കുമാറിനെ പോലെ തന്നെ കുമാരസ്വാമിയും എൻഡിഎയിലെ പ്രധാനപ്പെട്ട നേതാവാണെന്നും ദേവഗൗഡ പറഞ്ഞു. വടക്ക് നിതീഷ് ആണെങ്കിൽ തെക്ക് കുമാരസ്വാമി ആണെന്നും ദേവഗൗഡ അഭിപ്രായപ്പെട്ടു.
കർണാടക സർക്കാരിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ദേവഗൗഡ വിമർശിച്ചു. ജനവിരുദ്ധ സർക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളതെന്നും അഴിമതിയിൽ മുങ്ങിയിരിക്കുകയാണ് സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻഡിഎ വൻ വിജയം നേടുമെന്നും ജെഡി-എസ് ദേശീയ അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
NRI
ഷിക്കാഗോ: ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ സീറോ മലബാർ രൂപത സിൽവർ ജൂബിലി നിറവിൽ. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9, 10, 11, 12 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന കൺവൻഷന് വിശ്വാസികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതായി സംഘാടകർ അറിയിച്ചു.
മാർ ജേക്കബ് അങ്ങാടിത്ത്, മാർ ജോയ് ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രൂപതയുടെ 25 വർഷത്തെ വളർച്ച. നിലവിൽ 54 ഇടവകകളും 35 മിഷനുകളുമുള്ള ഷിക്കാഗോ രൂപതയിൽ എഴുപതിൽപ്പരം വൈദികർ ഏതാണ്ട് ഒരു ലക്ഷത്തോളും വരുന്ന വിശ്വാസികൾക്കായി സേവനം ചെയ്തുവരുന്നു. കൂടാതെ, ഇരുപതോളം വൈദികർ പാർട്ട്ടൈമായും സേവനം ചെയ്തുന്നു.
സിൽവർ ജൂബിലിയുടെ ഭാഗമായി വിവിധ സമ്മേളനങ്ങൾ സംഘടിപ്പിക്കും ഈ മാസം 18, 19 തീയതികളിൽ മയാമിയിൽ വച്ച് വൈദിക സമ്മേളനവും 2026 ഏപ്രിൽ 17, 18 തീയതികളിൽ ഷിക്കാഗോയിൽ വച്ച് സന്യസ്തരുടെ സമ്മേളനവും നടക്കും.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ പ്രധാന ഭാഗമായ സീറോമലബാർ കൺവൻഷൻ 2026 ജൂലൈ 9, 10, 11, 12 തീയതികളിൽ ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ നടക്കും.
ഈ കൺവൻഷനോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കും. ഈ ആത്മീയ, സാംസ്കാരിക, പൈതൃക സംഗമത്തിൽ സകുടുംബം പങ്കെടുക്കുവാൻ രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടും ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ ഫാ. ജോൺ മേലേപ്പുറവും ജൂബിലി കമ്മിറ്റി ചെയർമാൻ ജോസഫ് ചാമക്കാലയും എല്ലാ വിശ്വാസികളെയും ക്ഷണിച്ചിട്ടുണ്ട്.
ഹോട്ടൽ ബുക്കിംഗിൽ പ്രത്യേക ഇളവ് ലഭിക്കുന്നതിനായി ഡിസംബർ 31 വരെ രജിസ്റ്റർ ചെയ്യുന്നവർക്ക് അവസരമുണ്ട്. ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്ന് കൺവൻഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫാ. തോമസ് കടുകപ്പള്ളി, ചെയർമാൻ ബിജി സി. മാണി എന്നിവർ അഭ്യർഥിച്ചു.
കൺവൻഷനെ കുറിച്ചു കൂടുതൽ അറിയുവാനും രജിസ്റ്റർ ചെയ്യുവാനും താഴെ പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക: www.syroconvention.org
Kerala
തിരുവനന്തപുരം: ഭ്രാന്താലയമായിരുന്ന കേരളം മാനവാലയമായി മാറിയെന്നും നവോത്ഥാന നായകർക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് കാണുന്ന സൗകര്യങ്ങളും അവസരങ്ങളും ഒരുകാലത്ത് ഇല്ലായിരുന്നു. കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ചു. ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം മാറി. നവോത്ഥാനത്തിന് ശരിയായ പിന്തുടർച്ച കേരളത്തിനുണ്ടായി.
ധനകാര്യ സ്ഥാപനം എന്ന നിലയിൽ കിഫ്ബിയെ കുറിച്ച് ഒരു ആശങ്കയും വേണ്ട. അസാധ്യമെന്ന ഒരു വാക്ക് സർക്കാരിനില്ല. കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസനത്തിൽ 25 വർഷത്തിനിടെ 90,562 കോടിയുടെ പദ്ധതികൾക്കാണ് കിഫ്ബി വഴി അംഗീകാരം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഓട്ടോണമസ് സിൽവർ ജൂബിലി ആഘോഷം ഇന്ന് ഉച്ചയ്ക്ക് 12.30ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ ഉദ്ഘാടനം നിർവഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ അനുഗ്രഹപ്രഭാഷണവും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ആശംസപ്രസംഗവും നടത്തും. രൂപത വികാരി ജനറാളും കോളജ് മാനേജറുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ കോളജിന്റെ വളർച്ചയും നേട്ടങ്ങളും അവതരിപ്പിക്കും.
കോളജ് ഡയറക്ടർ റവ.ഡോ. റോയ് ഏബ്രഹാം പഴേപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, സ്റ്റുഡന്റ്സ് കൗൺസിൽ ചെയർപേഴ്സൺ അനൂപ് ജോസഫ്, എംപിമാർ, എംഎൽഎമാർ, പഞ്ചായത്തുകളുടെയും പ്രാദേശിക സ്വയം-ഭരണസ്ഥാപനങ്ങളുടെയും പ്രതിനിധികൾ, മുൻ മാനേജർമാർ, പ്രിൻസിപ്പൽമാർ, അധ്യാപകർ, ജീവനക്കാർ, പിടിഎ അംഗങ്ങൾ, വിദ്യാർഥികൾ, മുൻവിദ്യാർഥികൾ എന്നിവരുൾപ്പെടെ പ്രതിനിധികൾ പങ്കെടുക്കും.
അമൽജ്യോതിയിൽ വർഷം മുഴുവൻ നീളുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക ഉത്സവങ്ങൾ, പ്രദർശനങ്ങൾ, ദേശീയ, അന്തർദേശീയ കോൺഫറൻസുകൾ, ഗ്ലോബൽ അലുമ്നി മീറ്റ്, ഇൻഡസ്ട്രി കോൺക്ലേവ്, ശാസ്ത്രയാത്രകൾ, നവോത്ഥാന പ്രദർശനങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
Kerala
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-എരുമേലി സംസ്ഥാന പാതയോടു ചേര്‍ന്ന കൂവപ്പള്ളിയില്‍ സ്ഥാപിതമായ അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് ഓട്ടോണമസ് സില്‍വര്‍ ജൂബിലി നിറവില്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ മുന്‍നിര സ്ഥാപനമായി അമല്‍ജ്യോതി വളര്‍ന്നു.
പഠന-പാഠ്യേതര മികവ്, നൈപുണ്യ വികസനം, സ്റ്റാര്‍ട്ടപ് സംരംഭകത്വം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി ശ്രദ്ധ നേടുകയാണ് ഈ ഉന്നത പഠന കേന്ദ്രം. ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, പ്രഗത്ഭരായ അധ്യാപകര്‍, ഉന്നത വിജയം, പ്ലേസ്മെന്റ് എന്നിവയാണ് അമല്‍ജ്യോതിയിലേക്ക് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കുന്നത്. കോഴ്സുകളുടെയും വിദ്യാര്‍ഥികളുടെയും എണ്ണം, അടിസ്ഥാന സൗകര്യങ്ങള്‍, ഹോസ്റ്റലുകള്‍, മികച്ച മാനേജ്മെന്റ് എന്നിങ്ങനെ നിരവധി സവിശേഷതകളാണ് ഈ സ്ഥാപനത്തിനുള്ളത്.
ചരിത്രവഴികള്‍
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന ഫാ. മാത്യു വടക്കേമുറിയാണ് കാഞ്ഞിരപ്പള്ളിയില്‍ എന്‍ജിനിയറിംഗ് കോളജ് സ്ഥാപിക്കാനുള്ള അനുവാദം 2001ല്‍ നേടിയെടുത്തത്. രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു വട്ടക്കുഴി ഇതിനെ ഹൃദയപൂര്‍വം സ്വീകരിച്ചു. കൂവപ്പള്ളിയില്‍ രൂപതയുടെ 25 ഏക്കര്‍ കോളജ് നിര്‍മാണത്തിനു നല്കി. പിന്നീട് സെന്റ് ഡൊമിനിക്സ് കത്തീഡ്രലും സ്ഥലം നല്കി. തുടര്‍ന്ന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അമല്‍ജ്യോതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കാലോചിതമായ നേതൃത്വം നല്കി.
മികവാർന്ന എൻജിനിയറിംഗ് വിദ്യാഭ്യാസം എന്ന ദർശനവുമായി തയാറാക്കിയ മാസ്റ്റർ പ്ലാനും കൂവപ്പള്ളിയിലെ വിപുലമായ കാമ്പസിന്റെ വികസനവും കോളജിന്റെ ചരിത്രത്തിൽ നിർണായകമായ നേട്ടങ്ങളായി മാറി. അങ്ങനെ കൂവപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിൽ ഒരു എൻജിനിയറിംഗ് സിറ്റി എന്നുള്ള മാർ മാത്യു അറയ്ക്കലിന്റെ സ്വപ്നം സാക്ഷാ ത്കരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. 2003 മാര്‍ച്ചില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായിരുന്ന ഡോ. മുരളിമനോഹര്‍ ജോഷിയാണ് കോളജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.ലോകോത്തര നിലവാരം
എഴുപതിൽപരം ഏക്കറില്‍ 14 ലക്ഷം ചതുരശ്ര അടി കോളജ് കെട്ടിടം. ഇതിനോടു ചേര്‍ന്ന് 1200 പേരുടെ ലേഡീസ് ഹോസ്റ്റലും 1500 പേരുടെ ജെന്റ്സ് ഹോസ്റ്റലും. ലേഡീസ് ഹോസ്റ്റലിലേക്ക് കോളജില്‍നിന്ന് നേരിട്ടെത്താന്‍ നിര്‍മിച്ച സ്കൈ വോക്ക് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ് ലഭിച്ച ഒരു എന്‍ജിനിയറിംഗ് വിസ്മയമാണ്. ജെന്റ്സ് ഹോസ്റ്റലിലേക്കും അക്കാദമിക് ബ്ലോക്കില്നിന്നൊരു പാലമുണ്ട്. വൈഫൈ, പവര്‍ ലോണ്‍ഡ്രി സൗകര്യങ്ങള്‍ ഹോസ്റ്റലിലുണ്ട്. കൂടാതെ നൂതന സൗകര്യങ്ങളുള്ള അടുക്കളയും കാന്റീനും. മൂന്നു നില സെന്‍ട്രല്‍ ലൈബ്രറിക്കു പുറമേ ഡിപ്പാര്‍ട്ട്മെന്റ് ലൈബ്രറികള്‍, ലബോറട്ടറികള്‍, റിസര്‍ച്ച് ലാബ് തുടങ്ങിയവയുമുണ്ട്.
നേട്ടങ്ങള്‍
►2023 മുതല്‍ പത്തു വര്‍ഷത്തേക്ക് ഓട്ടോണമസ് പദവി.
►നാക് - അക്രിഡിറ്റേഷനില്‍ എ പ്ലസ്.
►ആറ് ബി ടെക് പ്രോഗ്രാമുകള്‍ക്കും എംസിഎയ്ക്കും എന്‍ബിഎ.
►ഏറ്റവും വലിയ ഇന്കുബേഷന്സ് സെന്റര്‍.
►തുടര്‍ച്ചയായ രണ്ടാം തവണയും ഏറ്റവും മികച്ച ഐഇഡിസി.
►അന്പതില്പരം പേറ്റന്റുകള്‍.
കോളജിന്റെ അക്കാദമിക കാര്യങ്ങള്‍ക്കും അഡ്മിനിസ്ട്രേഷനും വേണ്ട സോഫ്റ്റ്വെയര് നിര്‍മിക്കുന്നത് ഈ കലാലയത്തിലെ അധ്യാപകരും ഗവേഷകരും ചേര്‍ന്നാണ്. ഇപ്പോള്‍ കേരളത്തിലെ പ്രശസ്തമായ പല സ്വയം ഭരണ കോളജുകളും അമല്‍ ജ്യോതിയുടെ ഈ സോഫ്റ്റ്വെയര് ആണ് ഉപയോഗിക്കുന്നത്.
സുരക്ഷയുടെ മേല്‍പ്പാലം
ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ക്ക് എളുപ്പത്തിലും സുരക്ഷിതമായും കോളജില്‍ പോയിവരാനായി നിര്‍മിച്ച മേല്‍പ്പാലം വിസ്മയമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും ഗവേഷണ സൗകര്യങ്ങളുമുള്ള കോളജില്‍നിന്നു മുമ്പ് വിജനമായ സ്ഥലത്തുകൂടി വേണമായിരുന്നു ഹോസ്റ്റലിലെത്താന്‍. കോണ്‍ക്രീറ്റ് തൂണുകളില്‍ സ്ലാബുകളും സ്റ്റീൽ കേഡറുകളും ഉപയോഗിച്ചാണ് 400 മീറ്റര്‍ നീളവും 2.25 മീറ്റര്‍ വീതിയുമുള്ള മേല്‍പ്പാലം പണിതത്.
നാക് അംഗീകാരം
നാക് എ പ്ലസ് അംഗീകാരമുള്ള കോളജില്‍ കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് , ഫുഡ് ടെക്നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് (ഓട്ടോമൊബൈല്‍), മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ് ആന്‍ഡ് ഡേറ്റ സയന്‍സ്, സൈബർ സെക്യൂരിറ്റി, ബിസിഎ എന്നീ യുജി കോഴ്സുകളും സ്ട്രക്ചറല്‍ എന്‍ജിനിയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, വിഎൽഎസ്ഐ, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്, എനര്‍ജി സിസ്റ്റംസ്, ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി, എൻവിറോൺമെന്റൽ എന്‍ജിനിയറിംഗ്, മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (റെഗുലര്‍ ആന്‍ഡ് ഇന്റഗ്രേറ്റഡ്) എന്നീ പിജി കോഴ്സുകളിലായി 3350ൽപരം വിദ്യാർഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു. 235 അധ്യാപകരും നാല് അനധ്യാപകരും ഉള്‍പ്പെടുന്നതാണ് സ്റ്റാഫ്. വൈദികരുടെയും കന്യാസ്ത്രീകളുടെയും ചുമതലയിലുള്ള ഹോസ്റ്റലും വിദ്യാര്‍ഥികള്‍ക്ക് ജീവിത കാഴ്ചപ്പാടുകള്‍ ഉയര്‍ത്താന്‍ കോളജ് മെന്റര്‍ഷിപ്പും കൗണ്‍സലിംഗ് സൗകര്യങ്ങളും പ്ലേസ്മെന്റ് പരിശീലനവും (ഐഇഎല്‍ടിഎസ് ആന്‍ഡ് ഗേറ്റ്) കോളജിനെ ശ്രദ്ധേയമാക്കുന്നു. വോയ്സ് ഓഫ് അമല്‍ ജ്യോതി എന്ന കമ്യൂണിറ്റി റേഡിയോ സ്റ്റേഷനും കോളജിനുണ്ട്.
ഉന്നതഗവേഷണത്തിന് അമല്‍ ജ്യോതി കോളജും സിഡാക്, ഐഐടിബി തുടങ്ങിയ ഗവേഷണ ലാബുകളുമായും വിദ്യാര്‍ഥികളുടെ പരിശീലനത്തിനും നൈപുണ്യ വികസനത്തിനുമായി വോള്‍വോ ഐഷര്‍, റോയല്‍ എന്‍ഫീല്‍ഡ്, ബോഷ്, യമഹ, നെസ്റ്റ്, റെഡ്ഹാറ്റ് തുടങ്ങിയ പ്രമുഖ കമ്പനികളുമായി കോളജ് ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
റവ. ഡോ. റോയ് ഏബ്രഹാം പഴേപറമ്പില്‍ ഡയറക്ടറായും ഡോ. ലില്ലിക്കുട്ടി ജേക്കബ് പ്രിന്‍സിപ്പലായും സേവനം ചെയുന്നു.
Kerala
കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനിയറിംഗ് ഓട്ടോണമസ് കോളജ് രജത ജൂബിലിയിലേക്ക്. ആഘോഷങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച കോളജ് ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വഹിക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും.
മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണവും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ആശംസാപ്രസംഗവും നടത്തും. വികാരി ജനറാളും കോളജ് മാനേജരുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ കോളജിന്റെ വളര്‍ച്ചയും നേട്ടങ്ങളും അവതരിപ്പിക്കും.
പ്രിന്‍സിപ്പല്‍ ഡോ. ലില്ലിക്കുട്ടി ജേക്കബ്, സ്റ്റുഡന്റ്സ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ അനൂപ് ജോസഫ്, എംപിമാര്‍, എംഎല്‍എമാര്‍, പഞ്ചായത്തുകളുടെയും പ്രാദേശിക സ്വയം-ഭരണസ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, മുന്‍ മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, ജീവനക്കാര്‍, പിടിഎ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, മുന്‍വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും.
വര്‍ഷം മുഴുവന്‍ നീളുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക ഉത്സവങ്ങള്‍, പ്രദര്‍ശനങ്ങള്‍, ദേശീയ-അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍, ഗ്ലോബല്‍ അലുമ്നി മീറ്റ്, ഇന്‍ഡസ്ട്രി കോണ്‍ക്ലേവ്, ശാസ്ത്രയാത്രകള്, നവോത്ഥാന പ്രദര്‍ശനങ്ങള്‍ തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കുന്നത്.
അധ്യാപനം, ഗവേഷണം, പ്ലേസ്മെന്റ് തുടങ്ങിയവയില്‍ കോളജ് മുന്‍പന്തിയിലാണ്. 2023 മുതല്‍ പത്തു വര്‍ഷത്തേക്ക് ഓട്ടോണമസ് പദവി, നാക് - അക്രിഡിറ്റേഷനില്‍ എ പ്ലസ്, ആറ് ബി ടെക് പ്രോഗ്രാമുകള്‍ക്കും എംസിഎയ്ക്കും എന്‍ബിഎ, ഏറ്റവും വലിയ ഇന്കുബേഷന്സ് സെന്റര്‍, തുടര്‍ച്ചയായ മൂന്നാം തവണയും ഏറ്റവും മികച്ച ഐഇഡിസി, അന്‍പതില്‍ അധികം പേറ്റന്റുകള്‍ തുടങ്ങി ഒട്ടേറെ നേട്ടങ്ങള്‍ കോളജിന് സ്വന്തമാണ്.
Business
തിരുവനന്തപുരം: രജത ജൂബിലി നിറവിലെത്തിയ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) ആഘോഷ പരിപാടികള്‍ നവംബര്‍ നാല് വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
കിഫ്ബിയുടെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന സുവനീറും ഇംഗ്ലീഷ് - മലയാളം കോഫി ടേബിള്‍ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പദ്ധതി നിര്‍വഹണ ഏജന്‍സികള്‍, കരാറുകാര്‍, മത്സര വിജയികള്‍ തുടങ്ങിയവര്‍ക്കുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
ധനകാര്യ മന്ത്രി അധ്യക്ഷനാകുന്ന ചടങ്ങില്‍ വിവിധ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്റണി സ്വാഗതം ആശംസിക്കും. സിഇഒ ഡോ.കെ.എം. ഏബ്രഹാം ‘നവകേരള ദര്‍ശനവും കിഫ്ബിയും’ എന്ന വിഷയം അവതരിപ്പിക്കും. കിഫ്ബി എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.പി. പുരുഷോത്തമന് നന്ദി പറയും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ കനകക്കുന്ന് കൊട്ടാരത്തില്‍ സെമിനാര്‍ സെഷന് ഉണ്ടായിരിക്കും. ഉദ്ഘാടനത്തെ തുടര്‍ന്ന് 7.30 മുതല്‍ റിമി ടോമി നയിക്കുന്ന സംഗീത നിശ.
സുപ്രധാനമായ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ധനസമാഹരണം നടത്തുന്നതിന് സംസ്ഥാന ധനകാര്യ വകുപ്പിന് കീഴില്‍ സ്ഥാപിതമായ കേന്ദ്രീകൃത ഏജന്‍സിയാണ് കിഫ്ബി. 1999ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി നിയമ പ്രകാരം 1999 നവംബര്‍ 11നാണ് കിഫ്ബി നിലവില്‍ വന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കാലങ്ങളായി നിലനിന്നിരുന്ന വിടവ് നികത്തുക, സാമ്പത്തിക മേഖലയില്‍ നിലനിന്നിരുന്ന മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക, സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി 2016ലെ നിയമ ഭേദഗതിയിലൂടെ കിഫ്ബിയെ കൂടുതല്‍ ശക്തീകരിച്ചു. സംസ്ഥാനത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യ വികസന മേഖലകളായ പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, വ്യവസായം, ഗതാഗതം തുടങ്ങി ഏതാണ്ട് എല്ലാ മേഖലകളിലും കൈയൊപ്പു ചാര്‍ത്തുവാന്‍ കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ട്.
ഭാവി വരുമാനത്തെ സുരക്ഷിതമാക്കിക്കൊണ്ട്, ഇരുപതോ ഇരുപത്തിയഞ്ചോ വര്‍ഷം കാത്തു നില്‍ക്കാതെ ആവശ്യമായ പശ്ചാത്തല സൗകര്യം ഉടന്‍ തന്നെ സൃഷ്ടിക്കുക എന്ന തത്ത്വമാണ് കിഫ്ബിയിലൂടെ നടപ്പിലാക്കി വരുന്നത്. സംസ്ഥാന വരുമാനത്തിന്റെ ചെറിയൊരു പങ്ക് വര്‍ഷം തോറും കിഫ്ബിക്ക് സര്‍ക്കാര്‍ വിഹിതമായി ലഭ്യമാക്കിക്കൊണ്ടും, അതോടൊപ്പം റിസര്‍വ്വ് ബാങ്കും സെബിയും അംഗീകരിച്ച നൂതന ധനസമാഹരണ മാര്‍ഗങ്ങളിലൂടെ കിഫ്ബി നടത്തുന്ന തനതായ വിഭവസമാഹരണത്തിലൂടെയുമാണ് ഈ ലക്ഷ്യം കൈവരിക്കുന്നത്.
2016ലെ നിയമ ഭേദഗതിയെത്തുടര്‍ന്ന് 2016-17ലെ പുതുക്കിയ ബജറ്റില്‍ വിവിധ മേഖലകളിലായി കിഫ്ബി വഴി ഏകദേശം 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതില്‍ നിന്നും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതില്‍ കിഫ്ബി ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞു. വിവിധ മേഖലകളിലെ കെട്ടിട നിര്‍മാണങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, മറ്റ് നവീകരണ പദ്ധതികള്‍ എന്നിവ പൂര്‍ത്തിയാക്കാന്‍ കിഫ്ബിക്കു കഴിഞ്ഞു.
NRI
റിയാദ്: 25 വർഷം പൂർത്തിയാക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായി "സിൽവർ ജൂബിലി ലോഗോ' പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു.
2000ത്തിന്റെ അവസാനത്തോടെ റിയാദിൽ ഒരുകൂട്ടം പുരോഗമന ആശയക്കരായ ചെറുപ്പക്കാർ ഒത്തുകൂടി മലയാളികളായ സാധാരണ തൊഴിലാളികൾക്ക് താങ്ങാവുന്ന ഒരു സംഘടനയ്ക്ക് രൂപം നൽകുവാൻ തീരുമാനം എടുക്കുകയും 2001 ജനുവരി ഒന്നിന് റിയാദ് കേന്ദ്രമായി കേളി കലാസാംസ്കാരിക വേദിക്ക് രൂപം നൽകുകയുമായിരുന്നു.
തുടർന്ന് അവഗണിക്കപ്പെടുന്ന പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഒട്ടനവധി പരിപാടികൾക്ക് രൂപം നൽകുകയും വിരഹത്തിന്റെ വിരസതകൾ മാറ്റി അപരന് കൈതാങ്ങാവുന്ന ഒരു സംഘടനയ്ക്ക് രൂപം നൽകി എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സാദിഖ് പറഞ്ഞു.
രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖും പ്രസിഡന്റ് സെബിൻ ഇഖ്ബാലും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് സംഘടന രൂപം നൽകിയിരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
സംഘാടക സമിതി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സിജിൻ കൂവള്ളൂരാണ് ലോഗോ ഡിസൈൻ ചെയ്തത്. കേളി ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടന്തോർ, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, കേളി വൈസ് പ്രസിഡന്റുമാരായ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി എന്നിവർ ആശംസകൾ അർപ്പിച്ചു.
സംഘാടക സമിതി കൺവീനർ സുനിൽകുമാർ സ്വാഗതവും ചെയർമാൻ ഷാജി റസാഖ് നന്ദിയും പറഞ്ഞു.
NRI
ഫിലഡൽഫിയ: ഫിലഡൽഫിയയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന കോട്ടയം സ്വദേശികളുടെ സംഘടനയായ ഫിലഡൽഫിയ കോട്ടയം അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം ശനിയാഴ്ച നടക്കും.
വൈകുന്നേരം 5.30ന് വെൽഷ് റോഡിലുള്ള സെന്റ് തോമസ് സീറോമലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ജൂബിലി ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
പരിപാടിയോടനുബന്ധിച്ചു നടത്തുന്ന പബ്ലിക് മീറ്റിംഗിൽ അഞ്ചൽ സെന്റ് ജോൺസ് കോളജ് പ്രിൻസിപ്പലായിരുന്ന പ്രഫ. സാം പനംകുന്നേൽ മുഖ്യ പ്രഭാഷകനായിരിക്കും. തുടർന്ന് മ്യൂസിക്കൽ ആൻഡ് ഡാൻസ് ഗ്രൂപ്പായ ഡിഎച്ച്ഒ ക്രിയേറ്റീവിന്റെ സ്റ്റേജ് ഷോയും നടക്കും
തുടർന്ന് വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിട്ടുണ്ട്. അസോസിയേഷൻ ഭാരവാഹികളും വിമൻസ് ഫോറം ഭാരവാഹികളും ആഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി 215 327 7153, 215 479 2400, 267 237 4118, 610 457 5868, 215 776 6787 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.